ആശയവിനിമയത്തിന്‌ പുതിയ സാമൂഹ്യ മാധ്യമവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്‌. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്താക്കിയ ശേഷം ട്രംപ് പുതുതായി സമൂഹമാദ്ധ്യമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്വിറ്ററും ഇൻസ്റ്റഗ്രാമും ഒക്കെ വാഴുന്ന കാലത്ത് എല്ലാവരും ഉപേക്ഷിച്ച് തുടങ്ങിയ വേഡ് പ്രസ് ബ്ലോഗുമായാണ് ട്രംപ് എത്തിയിരിക്കുന്നത്.

പുതിയ ബ്ലോഗിൽ ട്രംപിന്റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണുള്ളത്. സ്വന്തം ഇമെയിലോ ഫോൺ നമ്പറോ നൽകി ബ്ലോഗിന്റെ ഭാഗമാകാൻ സാധിക്കും. ലൈക്ക് ചെയ്യാനും സാധിക്കും. ട്രംപിന്റെ പോസ്റ്റുകളെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും ഉപയോക്താക്കൾക്ക് പോസ്റ്റ് ചെയ്യാമെന്നതാണ് ബ്ലോഗിന്റെ പ്രധാന സവിശേഷത. ഇന്നലെയാണ് ട്രംപിന്റെ പുതിയ സമൂഹമാദ്ധ്യമം പുറത്തിറക്കിയത്.

സ്വന്തമായും സുരക്ഷിതമായും സംസാരിക്കാൻ ഡൊണാൾഡ് ട്രംപിന്റെ ഡസ്‌ക്കിൽ നിന്ന് നേരിട്ട് എന്നാണ് സൈറ്റിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ മാത്രമാണ് ബ്ലോഗിൽ പുതിയതായിട്ടുള്ളത്. ബാക്കിയെല്ലാം ട്രംപിന്റെ പഴയ പ്രസ്താവനകളാണ്.

ട്രംപിന് ഫേസ്ബുക്കിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കമ്പനി യോഗം ചേരാനിരിക്കെയാണ് പുതിയ പ്ലാറ്റ്‌ഫോമുമായി ട്രംപ് എത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആക്രമണം ഉണ്ടാകാതിരിക്കാനാണ് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

 

Top