സെനറ്റിനെ അപമാനിച്ചു, പ്രസിഡന്റിന്റെ പ്രസംഗം ഔദ്യോഗിക രേഖ; നാന്‍സിക്കെതിരെ ട്രംപ്

വാഷിംഗ്ടണ്‍: തന്റെ പ്രസംഗത്തിന്റെ കോപ്പി കീറിയ സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. നാന്‍സി പെലോസി കീറിക്കളഞ്ഞത് ഔദ്യോഗിക രേഖയാണെന്നും അതിനാല്‍ സംഭവം നിയമലംഘനമാണെന്നും ട്രംപ് പ്രതികരിച്ചു. പ്രസിഡന്റിന്റെ പ്രസംഗം ഔദ്യോഗിക രേഖയാണ്. സ്പീക്കറുടെ ഈ നടപടി കണ്ടു നിന്നവര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സെനറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ് സ്പീക്കറുടെ നടപടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്ത്തനങ്ങളെ തടസപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ക്ക് വിധേയനായ ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ഇതിനു ശേഷം ട്രംപിന്റെ പ്രസംഗത്തിന് തൊട്ട് പിന്നാലെ പ്രസംഗത്തിന്റെ കോപ്പി കീറുകയായിരുന്നു. പ്രസംഗത്തിന് തൊട്ടുമുമ്പ് പെലോസി നല്കിയ ഹസ്തദാനം ട്രംപ് സ്വീകരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ മുന്‍കൈ എടുത്തതിലൊരാളാണ് സ്പീക്കര് നാന്‍സി പെലോസി. എന്തായാലും രാജ്യത്തെ സ്പീക്കറും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Top