നമസ്‌തേ ട്രംപ്; മൊട്ടേര സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകി ജനം, കനത്ത സുരക്ഷ !

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ജനത കാത്തിരിക്കുന്നത്. ‘നമസ്‌തേ ട്രംപ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. 1.05നാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്‌തേ ട്രംപ്’ പരിപാടി.

മൊട്ടേരാ സ്റ്റേഡിയത്തിനു ചുറ്റും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് പൊലീസിന്റെ ചേതക് കമാന്‍ഡോകളെയും ദ്രുത കര്‍മസേന ഉദ്യോഗസ്ഥരെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും ഇന്ന് രാവിലെ 11.40നാണ് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുക. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ട്രംപിനെ വരവേല്‍ക്കും. മകള്‍ ഇവാന്‍കയും മരുമകന്‍ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉള്‍പ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടര്‍ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും.

അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകള്‍ക്കായി അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 85 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top