അമേരിക്കന്‍ സെനറ്റിന്റെ കുറ്റവിചാരണയ്ക്ക് ഇനി രണ്ടുനാള്‍; ട്രംപിന്റെ ഭാഗം വാദിക്കാന്‍ വമ്പന്‍ നിര

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നേരിടാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഭാഗം വാദിക്കാന്‍ പ്രഗത്ഭരുടെ നിരയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

ബില്‍ ക്ലിന്റന്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധം അന്വേഷിച്ച കെന്നത്ത് സ്റ്റാര്‍, ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിയമ പ്രൊഫസറായിരുന്ന അലന്‍ ദെര്‍ഷോവിറ്റ്സ്, ക്ലിന്റന്‍ ദമ്പതികള്‍ക്കെതിരെ വൈറ്റ്വാട്ടര്‍ റിയല്‍ എസ്റ്റേറ്റ് കേസ് അന്വേഷണം നയിച്ച റോബര്‍ട്ട് റേ തുടങ്ങിയവര്‍ അടങ്ങുന്ന എട്ടംഗസംഘത്തെയാണ്‌ ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ പ്രഗത്ഭരെക്കാള്‍ ശ്രദ്ധേയമായത് ട്രംപിന്റെ അഭിഭാഷകനായ റൂഡി ജ്യൂലിയാനിയുടെ അസാന്നിദ്ധ്യമാണ്.

ഇംപീച്ച്മെന്റില്‍ ട്രംപ് ടീമില്‍ പ്രധാന പങ്ക് വൈറ്റ്ഹൗസ് കോണ്‍സല്‍ പാറ്റ് സിപോളനും ട്രംപിന്റെ സ്വന്തം അഭിഭാഷകന്‍ ജേയ് സെകുലോവുമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി റഷ്യന്‍ ഇടപെടലുണ്ടായിയെന്ന ആരോപണത്തില്‍ സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തില്‍ സെകുലോവ് ട്രംപിനെ പ്രതിനിധാനം ചെയ്തിരുന്നു. മുന്‍ ഫ്‌ലോറിഡ അറ്റോര്‍ണി ജനറല്‍ പാംബോണ്ടി, മുള്ളര്‍ അന്വേഷണത്തില്‍ ട്രംപിന്റെ സംഘത്തിലുണ്ടായിരുന്ന ജെയ്ന്‍ റാസ്‌കിന്‍, കഴിഞ്ഞ 15 വര്‍ഷത്തിലധികമായി വിവിധ കേസില്‍ ട്രംപിനു വേണ്ടി ഹാജരായിട്ടുള്ള നിയമസ്ഥാപനം കസോവിറ്റ്സ് ബെന്‍സന്‍ ടോറസിലെ, എറിക് ഡി ഹെര്‍ഷ്മാന്‍ എന്നിവരാണ് സെനറ്റിലെ യുദ്ധത്തില്‍ ട്രംപിനു വേണ്ടി നിരക്കുന്ന മറ്റുള്ളവര്‍.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ രേഖകള്‍ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. റൂഡി ജ്യൂലിയാനിയുടെ അടുപ്പക്കാരനായ ഫ്‌ലോറിഡയിലെ ബിസിനസുകാരന്‍ ലെവ് പാര്‍നസില്‍നിന്നുള്ള ഫോട്ടോകളും സന്ദേശങ്ങളും ശ്രവ്യരേഖകളും ഇതിലുള്‍പ്പെടുന്നു.

ജ്യൂലിയാനി നടപ്പാക്കിവന്ന സമാന്തര വിദേശനയത്തില്‍ ട്രംപിനെ കണ്ണിയാക്കുന്നതാണ് പുതിയ തെളിവുകള്‍.ജ്യൂലിയാനിക്കും ട്രംപിനും ട്രംപിന്റെ മകന്‍ ഡോണ്‍ ജൂനിയറിനും മറ്റും ഒപ്പമുള്ള പാര്‍നസിന്റെ ചിത്രങ്ങളും ട്രംപിന്റെ വിശ്വസ്തനായ പ്രതിനിധി സഭാംഗം ഡെവിന്‍ ന്യൂണസിന്റെ സ്റ്റാഫംഗവുമായി പാര്‍നസ് കൈമാറിയ സന്ദേശങ്ങളും പുതിയ തെളിവുകളില്‍പ്പെടുന്നു.

Top