നയതന്ത്രജ്ഞന് യാത്രാനുമതി നിഷേധിച്ചു; യുഎസ്-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനും- യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു. ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ഉള്‍പ്പെട്ട യുഎസ് നയതന്ത്രജ്ഞന് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ, ഉദ്യോഗസ്ഥനെ കൊണ്ടുവരാനായി യുഎസില്‍ നിന്നെത്തിയ സൈനിക വിമാനം കാലിയായി മടങ്ങിയതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

യുഎസിലെ പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തിന് തിരിച്ചടിയായി, പാക്കിസ്ഥാനിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അപകടം വരുത്തിവച്ച യുഎസ് നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി നിഷേധിച്ചത്. ഭീകര സംഘടനകള്‍ക്ക് പാക്ക് മണ്ണില്‍ താവളമൊരുക്കുന്നതിനെച്ചൊല്ലി യുഎസും പാക്കിസ്ഥാനും തമ്മില്‍ അടുത്തിടെ വാക് വാദങ്ങളുണ്ടായിരുന്നു.പാക്കിസ്ഥാന് നല്‍കി വന്ന സാമ്പത്തിക സഹായം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കുകയും ചെയ്തു.

അതേസമയം, ഈ സംഭവത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്ലാമാബാദിലെ യുഎസ് എംബസി വിസമ്മതിച്ചു. വാഷിങ്ടനിലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധിയും ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ട് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ തയാറായില്ലെന്നുമാണ് ലഭിച്ച വിവരങ്ങള്‍.

സുരക്ഷാ കാരണങ്ങളും സ്വകാര്യതയും മാനിച്ച് പാക്കിസ്ഥാനിലെ യുഎസ് പ്രതിനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് യുഎസ് നയതന്ത്ര പ്രതിനിധിയുടെ വാഹനമിടിച്ച് ഇരുപത്തിരണ്ടുകാരനായ ബൈക്ക് യാത്രികന്‍ മരിച്ചത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇസ്ലാമാബാദിലെ ഒരു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വദേശത്തേക്കു മടങ്ങാന്‍ ഈ ഉദ്യോഗസ്ഥന് അനുമതി നിഷേധിച്ചത്.

Top