‘എനിക്ക് ആത്മവിശ്വാസം ഉണ്ട്, മലയേറിയ മരുന്നിന് കൊവിഡിനെ തുരത്താനാകും’

വാഷിങ്ടന്‍: 182 ലോകരാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് 13000 പേരുടെ ജീവനാണ് ഇതിനോടകം കവര്‍ന്നത്. നിലവില്‍ ഇറാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പെയിനിലും 1381 പേരാണ് ഇതിനോടകം മരിച്ചത്. 25496 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് കൊറോണ വൈറസ് ഇത്രയും അധികം വ്യാപിക്കാന്‍ കാരണം.

എന്നാല്‍ ഫ്രാന്‍സില്‍ കോവിഡ് രോഗികള്‍ക്കു മലേറിയ മരുന്നു ഫലപ്രദമായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ കൊറോണ ചികിത്സയ്ക്കായി മലേറിയയ്ക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ശനിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനെ പിന്തുണച്ചത്. കൊറോണയ്ക്ക് ഈ മരുന്ന് ‘ഗെയിം ചെയ്ഞ്ചര്‍’ ആയിരിക്കുമെന്നാണു ട്രംപിന്റെ വാദം. എത്രയും പെട്ടെന്ന് ഈ മരുന്നു ലഭ്യമാക്കാനാണു ശ്രമമെന്നും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ മലേറിയ മരുന്നു ഫലപ്രദമാണ് എന്ന വാദത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരും സംശയം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണു യുഎസ് ഏജന്‍സിയായ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്.

രാജ്യാന്തര തലത്തില്‍ മരണ സംഖ്യ പതിനായിരം കടന്ന കോവിഡ് രോഗത്തിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രോഗികള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മരുന്നു കാരണം രോഗം ഭേദപ്പെടുമെന്നതിനു കാര്യമായ തെളിവുകളില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഈ മരുന്നിനു വിലയും കുറവാണെന്ന് ട്രംപ് പറഞ്ഞു.

മരുന്നിനെക്കുറിച്ചു യുഎസ് ഗവേഷകര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും
വളരെ കുറച്ചു സമയത്തിനകം തന്നെ ഇതു പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്നു നമുക്കു കണ്ടെത്താന്‍ സാധിക്കുമെന്നും തനിക്ക് ഇക്കാര്യത്തില്‍ നല്ലആത്മവിശ്വാസം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Top