ഗാന്ധിജിയെ പരാമര്‍ശിക്കാതെ മോദിയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്; ആ സന്ദര്‍ശക പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ

അഹമ്മദാബാദ്: ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യം പോയത് സബര്‍മതി ആശ്രമത്തിലേക്കാണ്. അവിടെ ചെന്ന ട്രംപും ഭാര്യ മെലാനിയ ട്രംപും ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പഹാരം അണിയിക്കുകയും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയും ചെയ്തിരുന്നു.

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദിയാണ്. ആ കുറിപ്പില്‍ മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിച്ചിട്ടേ ഇല്ല.

”എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്രമോദിക്ക്. നന്ദി, ഈ അസുലഭമായ സന്ദര്‍ശനത്തിന്”ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.

ഇതിന്റെ താഴെ തന്റെ ‘സിഗ്‌നേച്ചര്‍’ ഒപ്പ് തന്നെ ട്രംപ് ഇട്ടിട്ടുണ്ട്. ഒപ്പം പ്രഥമവനിത മെലാനിയയും ഒപ്പിട്ടിരിക്കുന്നത് കാണാം.

36 മണിക്കൂറത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി രാവിലെ 11.40ന് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ട്രംപിനെ ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

Top