Trump warns of consequences for US firms sending jobs abroad

trump

ഇന്‍ഡ്യാനാപോളിസ്: യുഎസില്‍ നിന്ന് പുറത്തേക്ക് താവളം മാറ്റുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. അമേരിക്ക വിടുന്ന കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.

യു.എസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുകയും രാജ്യം വിടുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നുമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നുള്ള ട്രംപിന്റെ അറിയിപ്പ് കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

എ.സി നിര്‍മ്മാതാക്കളായ കാരിയര്‍ കമ്പനിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്. യു എസ് വിട്ട് മെക്‌സിക്കോയില്‍ പ്ലാന്റ് തുടങ്ങാന്‍ കാരിയര്‍ കമ്പനി മുമ്പ് തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തില്‍ നിന്ന് കമ്പനി പിന്‍വാങ്ങിയതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ട്രംപ് വരുന്നത്.

യു എസില്‍ തുടരുന്ന കമ്പനികള്‍ക്ക് തന്റെ പ്രഖ്യാപനം ആശ്വാസകരമാവുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാതെ കമ്പനികള്‍ക്ക് യു എസ് വിടാനാവില്ലെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ട്രംപിന്റെ തീരുമാനത്തോട് വളരെ ശ്രദ്ധയോടെയാണ് മറ്റ് പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചത്.

രാജ്യത്തെ ബിസിനസ് മേഖലയില്‍ വലിയ കുതിപ്പാണ് ഈ തീരുമാനം കൊണ്ടുണ്ടാകുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രതികരിച്ചു.

പുറംജോലിക്കരാറിന്റെ ശക്തമായ വിമര്‍ശകനായ ട്രംപ് അധികാരത്തിലേറിയാലും ആ സമീപനം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്

Top