കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഉരുക്കാകട്ടെ; തീരുമാനവുമായ് ഡോണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്; മെക്‌സിക്കോ അതിര്‍ത്തിയില്‍ പണിയുന്ന മതില്‍ കോണ്‍ക്രീറ്റ് ആകണമെന്ന് നിര്‍ബന്ധമില്ലെന്ന തീരുമാനവുമായ് യുഎസ് ഡോണാള്‍ഡ് ട്രംപ്. കോണ്‍ക്രീറ്റ് അല്ലാതെ ഇരുമ്പ് വേലിയാണെങ്കിലും മതിയെന്നാണ് ട്രംപിന്റെ നിലപാട്. ഇതിലൂടെ ഡെമോക്രാറ്റുകളെ മയപ്പെടുത്താനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ 22 ന് യൂ എസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു ഡെമോക്രാറ്റുകളുമായി നടത്തുന്ന ചര്‍ച്ച വിജയിച്ചേക്കുമെന്ന് ഇതോടെ പ്രതീക്ഷയേറിയിരിക്കുകയാണ്.

മതിലിന് 500 കോടി ഡോളര്‍ അനുവദിച്ചില്ലെങ്കില്‍ ധനാഭ്യര്‍ഥന പാസാക്കില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. കൂടാതെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്ന് ട്രഷറി സ്തംഭനം ആരംഭിക്കുകയും ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്തു.

ഡെമോക്രാറ്റ് നേതാക്കളായ സ്പീക്കര്‍ നാന്‍സിപെലോസി സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമര്‍ എന്നിവരുമായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് 130 കോടി അനുവദിക്കാമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡെമോക്രാറ്റുകള്‍. ‘അവര്‍ക്കു കോണ്‍ക്രീറ്റ് വേണ്ട. എന്നാല്‍ പിന്നെ സ്റ്റീല്‍ ആകട്ടെ. അതിനു ചെലവ്‌ കൂടുതലാണ്. എന്നാല്‍ കാണാന്‍ ഭംഗിയുണ്ടാവും. കൂടുതല്‍ ബലവത്തുമാണ്.’ ട്രംപ് പറഞ്ഞു.

Top