രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ട്രംപ് മടങ്ങി

ന്യൂഡല്‍ഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിനു ശേഷം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പത്‌നി മെലനിയയും അമേരിക്കയിലേക്ക് മടങ്ങി. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ്പ്രഥമവനിത മെലനിയയും മകള്‍ ഇവാന്‍കയെയും മരുമകന്‍ ജാറെദ് കഷ്‌നറെയും ഒപ്പം ട്രംപ് അഹമ്മദാബാദിലെത്തിയത്.വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്താണ് ട്രംപിനെ വരവേറ്റത്.

സബര്‍മതി ആശ്രമത്തിലേക്കായിരുന്നു ആദ്യ യാത്ര. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയാണ് ആശ്രമത്തിലെത്തിയത്. ഇവിടെ അല്‍പനേരം ചെലവഴിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി. ഒരു മണിക്കൂറോളം നീണ്ട സമ്മേളനത്തിനു ശേഷം ആഗ്രയിലേക്കു പറന്ന ട്രംപും മെലനിയയും മക്കളും താജ്മഹല്‍ സന്ദര്‍ശിച്ചു.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്‌നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ട്രംപിനെയും മെലനിയയെയും സ്വീകരിച്ചു. തുടര്‍ന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ട്രംപ് പരിശോധിച്ചു.

രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് രാജ്ഘട്ടില്‍ വൃക്ഷത്തൈയും നട്ടാണ് ഇരുവരും അവിടെ നിന്നു മടങ്ങിയത്. ട്രംപിന്റെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലും ആഗ്രയിലുമൊക്കെ ഉത്സവ പ്രതീതിയാണ് ഉണ്ടാക്കിയത്. ഇതിനായി നാടും നഗരവുമെല്ലാം കോടികള്‍ ചിലവിട്ട് മോദി അലങ്കരിച്ചിരുന്നു.

Top