Donald Trump uses terrible Indian accent during stereotype

വാഷിംഗ്ടണ്‍: ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച ട്രംപ് ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യന്‍ നേതാക്കളോട് തനിക്ക് പരിഭവമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രചാരണ പരിപാടിക്കിടെ ആയിരുന്നു ഇന്ത്യക്കാര്‍ക്കെതിരായ പരിഹാസം.

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച സംശയം തീര്‍ക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഫോണില്‍ കിട്ടിയതെന്ന് പറഞ്ഞാണ് ട്രംപ് തുടങ്ങിയത്.

കോള്‍ സെന്ററില്‍ ഒരു ഇന്ത്യക്കാരാണെങ്കില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുകയെന്ന് അദ്ദേഹം അനുയായികളോട് ചോദിച്ചു. ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചെന്നും പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ നേതാക്കളോട് വിദ്വേഷമില്ലെന്നും എന്നാല്‍ പുറംജോലിക്കരാര്‍ വിഷയത്തില്‍ അമേരിക്കയിലെ നേതാക്കളോട് അഭിപ്രായവ്യത്യാസമുണ്ടെന്നും വ്യക്തമായി.

ചൈന, ഇന്ത്യ, മെക്‌സിക്കോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ ബിസിനസ്സുകള്‍ അമേരിക്കയില്‍ വളരാന്‍ അനുവദിക്കുന്ന നയങ്ങളോടുള്ള എതിര്‍പ്പും ട്രംപ് പ്രകടിപ്പിച്ചു.

ഉത്പാദന മേഖലയിലെ ജോലികളെല്ലാം മോഷ്ടിക്കപ്പെട്ടു. എല്ലാ മേഖലയിലും അമേരിക്കക്കാര്‍ പുറന്തള്ളപ്പെടുന്നു. ഫാക്ടറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇങ്ങനെ പോയാല്‍ രാജ്യത്തിന് ഒരിക്കലും മുന്നേറാന്‍ കഴിയില്ലെന്നും ഇത്തരം മാറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

Top