മാസ്‌ക് ധരിക്കാം; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മാസ്‌കെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പുതിയ ട്വീറ്റ്.

‘അദൃശ്യമായ ചൈനാ വൈറസിനെ തുരത്താന്‍ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സാമൂഹികാകലം പാലിക്കാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാള്‍ ദേശസ്‌നേഹമുള്ള മറ്റൊരാളില്ല’, ട്രംപ് ട്വീറ്റ് ചെയ്തു.

നേരത്തെ, അമേരിക്കന്‍ ജനത മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്രമുണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മിലിറ്ററി ആശുപത്രി സന്ദര്‍ശിച്ചപ്പോഴായിരുന്ന ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്.

വൈറസ് വ്യാപനം അതീവ രൂക്ഷമായി തുടരുന്ന യുഎസില്‍ ഇതിനോടകം 1,40,000ല്‍ അധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അരിസോണ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സാസ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.

Top