യുദ്ധത്തിന് വന്നാല്‍ അവസാനമായിരിക്കും ; ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

iran_us

വാഷിംഗ്ടണ്‍: അമേരിക്കന്‍ താല്‍പര്യങ്ങളെ ഇറാന്‍ ആക്രമിച്ചാല്‍ അതിന്റെ അവസാനമായിരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധത്തിനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് ഇറാന്റെ അവസാനമായിരിക്കും. ഇനി ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപിയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപിയോ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇറാനെതിരായ സൈനിക നീക്കം അമേരിക്ക ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സേനാ പുനര്‍വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായാണ് റവിവരം. എന്നാല്‍ യുദ്ധ സാഹചര്യത്തിലേക്ക് പോകില്ലെന്ന് സൗദി അറിയിച്ചു.

ഹോര്‍മുസ് പാത അടക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് യുദ്ധകപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനുമായി അമേരിക്ക യുദ്ധ പുറപ്പാടിലാണെന്ന വാര്‍ത്ത പുറത്ത് വന്നത്. അതേസമയം ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷാവസ്ഥയില്‍ ഇളവ് വരുത്തുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ യൂറോപ്പ്യന്‍ സഖ്യകക്ഷികളുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി കഴിഞ്ഞ ദിവസം തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ പേരിലാണ് അമേരിക്കയും ഇറാനുമിടയില്‍ ശത്രുത ഉടലെടുത്തത്. ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാന്‍ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷന്‍ ഗാര്‍ഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാന്‍ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

Top