ട്രംപിന് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ, ആറടി പ്രതിമ ഉണ്ടാക്കി പൂജ; ട്രംപ് കൃഷ്ണന്‍ വൈറല്‍

ജന്‍ഗന്‍: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി ആറടി ഉയരത്തില്‍ പ്രതിമ പണിത് തെലങ്കാന സ്വദേശി ബുഷ കൃഷ്ണ. ട്രംപിന്റെ വലിയ ആരാധകനാണ് ഇദ്ദേഹം. നാലാം തവണയും ട്രംപിനെ കാണുവാനുള്ള
അനുവാദം കേന്ദ്ര സര്‍ക്കാരിനോട് തേടിയിരിക്കുകയാണ് കൃഷ്ണ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിന് വേണ്ടി പണിതുയര്‍ത്ത പ്രതിമയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയും ഇയാള്‍ നടത്താറുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനായി ഉപവാസം അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ജോലി ചെയ്യുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

‘ഇന്ത്യ – യുഎസ് ബന്ധം ശക്തമായി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എനിക്ക് അദ്ദേഹം ദൈവത്തെപ്പോലെയാണ്. അതിനാലാണ് പ്രതിമ പണിതത്. 15 തൊഴിലാളികള്‍ ഏകദേശം ഒരു മാസമെടുത്താണ് പ്രതിമ നിര്‍മിച്ചത്’- കൃഷ്ണ പറഞ്ഞു.

സിനിമാക്കാരോടും മറ്റും ആരാധന തോന്നുകയും പൂജിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനെ ആരാധിക്കുന്നത് ഒരു വ്യത്യസ്ത സംഭവം തന്നെയാണ്. ട്രംപിനോടുള്ള ഭക്തി കാരണം ഗ്രാമവാസികള്‍ അദ്ദേഹത്തെ ട്രംപ് കൃഷ്ണന്‍ എന്നാണ് വിളിക്കുന്നത്. കൃഷ്ണയുടെ വസതി ട്രംപ് ഹൗസ് എന്നും പറയപ്പെടുന്നു.

എന്നാല്‍ കൃഷ്ണന്റെ ട്രംപ് ഭക്തി ഗ്രാമവാസികള്‍ എതിര്‍ത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഭക്തിയെ അഭിനന്ദിക്കുകയും കൃഷ്ണ താമസിക്കുന്ന കൊന്നൈയിലെ ഗ്രാമത്തലവന്‍ ട്രംപിനെ കണ്ടുമുട്ടാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഫെബ്രുവരി 24നാണ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.

Top