ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വക മാറ്റി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്.

ട്രംപിന്റെയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി സാലിയാന്‍ സ്‌ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്. ഇവാങ്കയും എറികും ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനാണ് നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുന്നതിന് തൊട്ടുമുന്‍പ് വരെ ഫൗണ്ടേഷന്‍ ട്രംപിന്റെ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അതേസമയം രാഷ്ട്രീയലക്ഷ്യം വച്ച് ഡെമാക്രാറ്റുകള്‍ സൃഷ്ടിച്ച കേസാണിതെന്നാണ് ട്രംപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും വാദം.

Top