ട്രെംപിന്റെ വിലക്ക് നീക്കി; ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റ​ഗ്രാമിലേക്കും തിരിച്ചെത്തും

വാഷിങ്ടൺ; അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും കാണാം. രണ്ട് വർഷം മുൻപ് ട്രംപിന് ഏർപ്പെടുത്തിയ വിലക്കാണ് സോഷ്യൽ മീഡിയ ഭീമൻ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് വിവരം പുറത്തുവിട്ടത്.

വരും ആഴ്ചകളിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ​ഗ്ലോബൽ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെ​ഗ്​ പറയുന്നത്. മെറ്റയുടെ നയങ്ങൾ ലംഘിച്ചാൽ ഒരു മാസം മുതൽ രണ്ടു വർഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റ​ഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.എസ് കാപിറ്റോൾ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തു​വെന്ന കുറ്റത്തിന് രണ്ടുവർഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപെടുത്തിയത്. അടുത്തിടെ തന്റെ ഫെയ്സ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താൻ പോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മെറ്റയ്ക്കുണ്ടായി എന്നാണ് ട്രംപ് പറഞ്ഞത്. ഞങ്ങൾക്ക് അവരെ ആവശ്യമുള്ളതിനെക്കാൾ അവർക്കാണ് ഞങ്ങളെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കാൻ പുതിയ മേധാവി ഇലോൺ മസ്ക് തീരുമാനിച്ചിരുന്നു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കാൻ ഒരുങ്ങുകയാണ് ട്രംപ്.

Top