മെക്‌സിക്കന്‍ മതില്‍: ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ്

donald trump

വാഷിംങ്ടണ്‍ : മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചില്ലെങ്കില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

മതിലിന് 560 കോടി ഡോളറിന്റെ ഫണ്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടാഴ്ചയായി സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ട്രംപ് ബില്ലുകള്‍ ഒപ്പു വെക്കാത്തതിനെ തുടര്‍ന്ന് ട്രഷറി സ്തംഭനം നീളുകയാണ്. മെക്സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.

ഒരു തരത്തിലുളള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഡോണള്‍ഡ് ട്രംപ്. സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്.

അനധികൃത കുടിയേറ്റം തടയാന്‍ യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 500 കോടി ഡോളര്‍ വേണമെന്നാണു ട്രംപിന്റ ആവശ്യം. അമേരിക്കന്‍ സെനറ്റ് ഈ ആവശ്യം തള്ളി. തന്റെ ആവശ്യം തള്ളിയതിനാല്‍ ശമ്പളം നല്‍കാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ട്രംപ് നിലപാടെടുത്തു. എട്ടുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് അമേരിക്കന്‍ ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലിയെടുക്കുന്നത്.

പക്ഷം അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വേണ്ടിയാണ് മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

Top