ട്രംപിനെ പുറത്താക്കണമെന്ന് അമേരിക്കന്‍ ജനത; സര്‍വ്വേ ഫലം പുറത്ത്

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൈവിട്ട് അമേരിക്കന്‍ ജനതയും. അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടന്ന സര്‍വ്വേ ഫലമാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചാ വിഷയം. ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലും ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ചുള്ള അഭിപ്രായങ്ങളാണ് ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. മറ്റു രണ്ട് സര്‍വേകളിലും ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. 29 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ ചെറിയ തോതിലെങ്കിലും അനുകൂലിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം വരുന്ന മുതിര്‍ന്നവരും ക്യാപിറ്റോള്‍ ആക്രമണത്തെ പരസ്യമായി തന്നെ എതിര്‍ക്കുന്നവരാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസാക്കിയിരുന്നു. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.

Top