യുഎസ്‌- ചൈന വ്യാപാര യുദ്ധത്തില്‍ വിജയം നുകര്‍ന്ന് ട്രംപ്; കരാറിലെ ഒന്നാം ഘട്ടം ഒപ്പുവെച്ചു

പ്രസിഡന്റ് തെരഞ്ഞെടുപ്പും, സെനറ്റില്‍ ഇംപീച്ച്‌മെന്റും എത്തിനില്‍ക്കുന്ന വേളയില്‍ വിജയശ്രീലാളിതനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകം ആശങ്കയോടെ കണ്ടിരുന്ന യുഎസ്, ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു. വാഷിംഗ്ടണും, ബീജിംഗും തമ്മിലുള്ള വ്യാപാരത്തിലെ വലിയ വിടവ് സംബന്ധിച്ച് ട്രംപ് പതിവായി പരാതിപ്പെട്ടിരുന്നു. 2016 തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ചൈനയുമായി വ്യാപാര യുദ്ധത്തിന് ഇറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.

‘കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്തുകയാണ്’, എന്നാണ് ചരിത്രനിമിഷത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അതേസമയം കരാര്‍ ഒപ്പുവെയ്ക്കാന്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് വൈറ്റ് ഹൗസില്‍ എത്തിയില്ല. പകരമായി വൈസ് പ്രസിഡന്റ് ലിയു ഹിയെയാണ് സീ അയച്ചത്. ബീജിംഗിനേക്കാള്‍ കൂടുതല്‍ അമേരിക്കയ്ക്കാണ് ഈ കരാര്‍ ആവശ്യമെന്ന നിലപാട് സൃഷ്ടിക്കാന്‍ ഇതുവഴി ചൈനയ്ക്ക് സാധിച്ചു.

വമ്പന്‍ യുഎസ് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുമാരെ വൈറ്റ് ഹൗസ് അതിഥികളായി ക്ഷണിച്ചിരുന്നു. ചൈനയിലെ വമ്പന്‍ വിപണിയെ ലക്ഷ്യംവെയ്ക്കുന്നവരാണ് ഈ കമ്പനികള്‍. നിര്‍ബന്ധിത ടെക്‌നോളജി കൈമാറ്റം, അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങല്‍, അമേരിക്കന്‍ സാമ്പത്തിക സര്‍വ്വീസുകള്‍ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങള്‍ നീക്കല്‍, യുഎസ്‌ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, തര്‍ക്ക പരിഹാരം എന്നിവ ഉള്‍പ്പെടുന്ന ഇന്റലക്ഷന്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ & എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പെടെ ഒന്നാം ഘട്ട വ്യാപാര കരാറിലുള്ളത്.

ചുരുങ്ങിയത് 200 ബില്ല്യണ്‍ ഡോളറിന്റെ യുഎസ് കാര്‍ഷിക ഉത്പന്നങ്ങളും, മറ്റ് ഉത്പന്നങ്ങളും, സേവനങ്ങളും അടുത്ത രണ്ട് വര്‍ഷത്തില്‍ വാങ്ങാമെന്നാണ് ചൈന കരാറില്‍ ഉറപ്പ് നല്‍കുന്നത്. ചൈനീസ് ഇറക്കുമതിയില്‍ 160 മില്ല്യണ്‍ ഡോളറിന്റെ അധിക താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന് കരാര്‍ തെളിയിക്കുന്നതായി സീ ട്രംപിന് അയച്ച കത്തില്‍ വ്യക്തമാക്കി.

Top