ബൈഡനെ പുടിന്‍ ചെണ്ടപോലെയാക്കി കളിക്കുന്നെന്ന് ഡൊണാല്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : റഷ്യന്‍-യുക്രെയിന്‍ യുദ്ധം രൂക്ഷമാവുമ്പോള്‍ കിട്ടിയ അവസരത്തില്‍ തന്റെ രാഷ്ട്രീയ ശത്രുവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അമേരിക്കന്‍ പ്രസിഡന്റിനെ ചെണ്ടപോലെയാക്കി കളിക്കുന്നുന്നെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. ബൈഡനെ കുറ്റപ്പെടുത്തുന്നതിനൊപ്പം റഷ്യയെ വിമര്‍ശിക്കുവാനും ഇക്കുറി ട്രംപ് തയ്യാറായി. റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ഭയാനകമാണെന്നും, യുദ്ധകെടുതി വേദനാജനകമാണെന്നും ട്രംപ് വിശദീകരിച്ചു. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് ട്രംപ് ബൈഡനെ വിമര്‍ശിച്ചത്.

‘യുക്രെയ്‌നിനെതിരായ റഷ്യന്‍ ആക്രമണം ഭയാനകമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്, ക്രൂരവുമാണ്. യുക്രെയ്‌നിലെ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,’ ഫ്‌ളോറിഡയില്‍ നടന്ന പരിപാടിയില്‍ ട്രംപ് പ്രസംഗിച്ചു. യുക്രെയിന്‍ പ്രസിഡന്റ് വോലോഡ്മിര്‍ സെലെന്‍സ്‌കി ധീരനാണ്, പുടിന്‍ ഒരു ഡ്രം പോലെ ബൈഡനെ കളിക്കുന്നത് കാണുന്നത് അത്ര മനോഹരമായ കാഴ്ചയല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സ്വതന്ത്രം ഭൂപ്രദേശമായി പ്രഖ്യാപിച്ച പുടിന്റെ തീരുമാനത്തെ ‘പ്രതിഭയുടെ’ നീക്കമായി ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് ഇപ്പോഴത്തെ ട്രംപിന്റെ വാക്കുകള്‍.

Top