അമേരിക്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകള്‍

വാഷിംഗ്ടണ്‍: പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചെത്തിയത്.

ഹെലന്‍ കെല്ലറുടെ വാക്കുകളായ Alone we can achieve so little; together we can achieve so much എന്ന വാക്കുകള്‍ക്കൊപ്പം ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്നിവ കൂടി കുറിച്ചുകൊണ്ടാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്. കറുത്ത സ്‌ക്രീന്‍ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ട്രംപിന്റെ മുന്‍ ഭാര്യയും ടിഫാനിയുടെ അമ്മയുമായ മാര്‍ല മേപ്പിള്‍സും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Top