അമേരിക്കയിലെ ഭരണ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് ; നിലപാടിലുറച്ച് ട്രംപ്‌

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭരണ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് കടന്നു. മെക്‌സിക്കന്‍ മതില്‍ പണിയാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ അനുവദിക്കണമെന്ന നിലപാടില്‍ ഡോണള്‍ഡ് ട്രംപും എതിര്‍പ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നില്‍ക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം.

സെനറ്റും കോണ്‍ഗ്രസും ചേര്‍ന്നെങ്കിലും ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പിരിഞ്ഞു.

സര്‍ക്കാര്‍ ഫണ്ടുകളൊന്നും പാസാകാത്തതിനാല്‍ 9 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജീവനക്കാരില്‍ ഭൂരിഭാഗത്തിനും ശമ്പളവുമില്ല. യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിക്കാത്ത പക്ഷം അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വേണ്ടിയാണ് മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരാണ് ഇവിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.

Top