ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം

Donald Trump

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021 ലെ സമാധാന നോബേല്‍ പുരസ്‌ക്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജഡെയാണ് ട്രംപിനെ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിനാലാണ് ഇദ്ദേഹം ട്രംപിനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ട്രംപിന്റെ സംഭാവനകള്‍ മികച്ചതാണെന്ന് ടൈബ്രിങ് ജഡെ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ-പാകിസ്ഥാന്‍ തര്‍ക്കത്തിലും ട്രംപ് ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നാമനിര്‍ദ്ദേശത്തില്‍ ടൈബ്രിങ് ജഡെ സൂചിപ്പിച്ചിട്ടുണ്ട്. ‘താന്‍ ഒരിക്കലും ട്രംപിന്റെ ആരാധകനല്ല, എന്നാല്‍ നാമനിര്‍ദ്ദേശം ലഭിച്ച മറ്റുള്ളവരെക്കാള്‍ ഏറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്’ – ടൈബ്രിങ് ജഡെ കൂട്ടിച്ചേര്‍ത്തു.
നൊബേല്‍ പുരസ്‌കാരസമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2021ലെ സമാധാനപുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ 318 പേരാണുള്ളത്. ഇതിലേക്കാണ് ഇപ്പോള്‍ ട്രംപിനെയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി 31 വരെയാണ് നാമനിര്‍ദ്ദേശം സ്വീകരിക്കുന്നത്. തുടര്‍ന്ന് ഒക്ടോബറില്‍ നൊബേല്‍ ജേതാവിനെ പ്രഖ്യാപിക്കും.

Top