യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി ട്രംപ്

വാഷിംഗ്‍ടൺ: യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോൾട്ടന്‍റെ ”പല നിർദേശങ്ങളോടും ശക്തമായി വിയോജിക്കുന്നതിനാലാണ്” പുറത്താക്കിയതെന്ന് ട്രംപ് ട്വിറ്ററിൽ വെളിപ്പെടുത്തി.

”കഴിഞ്ഞ ദിവസം രാത്രി ജോൺ ബോൾട്ടനോട് അദ്ദേഹത്തിന്‍റെ സേവനം വൈറ്റ് ഹൗസിൽ ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പല നിർദേശങ്ങളോടും ഞാൻ ശക്തമായി വിയോജിച്ചിരുന്നു. ഭരണതലത്തിലുള്ള മറ്റ് പലർക്കും സമാന അഭിപ്രായമായിരുന്നു. അതിനാൽ ജോണിനോട് രാജി നൽകാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. അത് ഇന്ന് രാവിലെ എനിക്ക് കിട്ടി”, എന്ന് ട്രംപിന്‍റെ ട്വീറ്റ്.

”ജോണിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കും” എന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയ് 23നാണ് ജോൺ ബോൾട്ടനെ യുഎസ് സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. എച്ച്.ആർ. മക്മാസ്റ്ററെ മാറ്റിയാണ് ജോൺ ബോൾട്ടനെ നിയമിച്ചത്. മക്മാസ്റ്ററെ പുറത്താക്കാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിരുന്നില്ല.

Top