രണ്ടാംദിനത്തില്‍ നിര്‍ണായകം; ഇന്ത്യന്‍ അമേരിക്ക ആഗോള ബന്ധം ശക്തമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളില്‍ ട്രംപിന്റെ ഇന്തായ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഇന്ന് നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. 300 കോടി ഡോളറിന്റെ (22,000 കോടി രൂപയോളം) കരാറില്‍ ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ പറഞ്ഞിരുന്നു. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യു.എസ്. കമ്പനികളില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്.

രാഷ്ട്രപതി ഭവനിലെ സ്വീകരണമാണ് ട്രംപിനുള്ള ആദ്യ പരിപാടി. രാവിലെ പത്ത് മണിയോടെ രാഷ്ടപതി ഭവനിലെത്തുന്ന ട്രംപിനും ഭാര്യ മെലേനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന നടത്തും. നിര്‍ണായകമായ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കായി പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്കെത്തും. ഉന്നത നയതന്ത്രഉദ്യോഗസ്ഥരും പങ്കെടുക്കും. ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും.
തുടര്‍ന്ന് മോദിക്കൊപ്പം ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയില്‍ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും.

രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രഥമ വനിത മെലേനിയ ട്രംപ് സൗത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. ഒരു മണിക്കൂര്‍ നേരം വിവിധ പരിപാടികളില്‍ മെലേനിയ കൂട്ടികളുമായി ചിലവഴിക്കുമെന്നാണ് സൂചന.വൈകീട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ട്രംപ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാഷ്ട്രപതിക്കൊപ്പം അത്താഴവിരുന്ന്. രാത്രി പത്ത് മണിയോടെ 36 മണിക്കൂര്‍ നീണ്ട ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ ട്രംപും ഭാര്യ മെലേനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങും.

Top