മഗാന്‍ ഇംപീച്ച്‌മെന്റ് ഹിയറിങില്‍ മൊഴി നല്‍കണം ; ട്രംപിന് കോടതിയില്‍ കനത്ത തിരിച്ചടി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോടതിയില്‍ കനത്ത തിരിച്ചടി. ട്രംപിന്റെ അടുത്ത സഹായിയും വൈറ്റ് ഹൌസിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഡോണള്‍ഡ് മഗാന്‍ ഇംപീച്ച്‌മെന്റ് ഹിയറിങില്‍ മൊഴി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കേസിലും ഡെമോക്രാറ്റുകള്‍ കൊണ്ടു വരുന്ന ഇംപീച്‌മെന്റ് നടപടികളിലും മഗാന്‍ സാക്ഷിവിസ്താരത്തിന് ഹാജരാകണമെന്ന് കോടതി വിധിച്ചു. വാഷിങ്ടണിലെ അമേരിക്കന്‍ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി.

വൈറ്റ് ഹൌസ് കൌണ്‍സല്‍ പദവിയിലുണ്ടായിരുന്ന ഡോണള്‍ഡ് മഗാന്‍, ട്രംപുമായി ബന്ധപ്പെട്ട നിരവധി ഭരണ വിവരങ്ങള്‍ നേരിട്ട് അറിയുന്ന ഉദ്യോഗസ്ഥനാണ്.

ട്രംപിനെതിരെയുള്ള ഇംപീച്‌മെന്റിന്റെ ഭാഗമായുള്ള പൊതു തെളിവെടുപ്പ് അമേരിക്കയില്‍ തുടരുകയാണ്. രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് അവസാനിച്ചതോടെ പൊതു തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

Top