Donald Trump Got More Votes In Ohio Than Hillary Clinton

വാഷിങ്ടന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനും മുന്നേറ്റം.

ഒഹായോ, ഇലനോയ്, മിസൂറി, നോര്‍ത് കരോലൈന, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് പ്രൈമറി നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലും ഹിലരി ക്ലിന്റണ്‍ വിജയിച്ചു. എന്നാല്‍, ട്രംപിന് നാലു സംസ്ഥാനങ്ങളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. ഒഹായോവിലാണ് ട്രംപ് പരാജയപ്പെട്ടത്. ഇവിടെ ജോണ്‍ കാസിചാണ് ട്രംപിനെ തോല്‍പിച്ചത്.

നിര്‍ണായകമായ ഫ്‌ളോറിഡയില്‍ ഇരുവരും വിജയം നേടി. ഫ്‌ളോറിഡയില്‍ ട്രംപിനോട് തോറ്റ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മത്സരങ്ങളില്‍നിന്ന് പിന്മാറി. ഫ്‌ളോറിഡയില്‍നിന്നുള്ള സെനറ്ററാണ് റൂബിയോ. ഫ്‌ളോറിഡയും ഒഹായോയുമാണ് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഏറെ നിര്‍ണായകമെന്ന് കണക്കാക്കിയിരുന്നത്.

പ്രൈമറിയില്‍ ജയിക്കാന്‍ സാധിച്ചുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ നയത്തിലും നിലപാടിലും അതൃപ്തി അറിയിച്ചത് ട്രംപിന് തിരിച്ചടിയാണ്. ജയത്തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ട്രംപ് വരാന്‍ സാധ്യതയേറിയിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം നേടാന്‍ 4763 പേരില്‍ 2382 പിന്തുണയാണ് ആവശ്യം.

റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ 2472 പേരില്‍ 1237 പേരുടെ പിന്തുണയും. ഹിലരിക്ക് 1561ഉം ട്രംപിന് 621ഉം പേരുടെ പിന്തുണയുണ്ട്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഹിലരി ക്‌ളിന്റണ്‍ വിവിധ സംസ്ഥാനങ്ങളില്‍ ജയം നേടിയിരിക്കുന്നത്. ഹിലരിക്ക് ബേണി സാന്‍ഡേഴ്‌സ് മാത്രമാണ് എതിരാളിയെങ്കില്‍ റൂബിയോ, ടെഡ് ക്രൂസ്, ജോണ്‍ കാസിച് എന്നിവരാണ് ട്രംപിനെതിരെ മത്സരിക്കുന്നത്. ഇതില്‍ റൂബിയോ പിന്മാറിയതോടെ ട്രംപിന്റെ എതിരാളികളുടെ എണ്ണം രണ്ടായി കുറഞ്ഞു.

Top