ലക്ഷ്യം വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ;ശമ്പളം സംഭാവന ചെയ്ത് തുടക്കം കുറിച്ച് ട്രംപ്

DONALD TRUMP

വാഷിംഗ്ടണ്‍: വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി നൂതന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അതിന് ആദ്യപടിയായി തന്റെ രണ്ടാം ഘട്ട ശമ്പളം വിദ്യാഭ്യാസ വകുപ്പിന് ട്രംപ് സംഭാവന നല്‍കി .

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുവാനും, ഉന്നത നിലവാരത്തിലേക്ക് കുട്ടികളെ വളര്‍ത്തിയെടുക്കുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിദ്യാഭ്യാസ സെക്രട്ടറി ബെസ്റ്റി ഡെവോസിന് 100,000 ഡോളര്‍ ചെക്കും പ്രസ് സെക്രട്ടറി കൈമാറി. ട്രംപിന്റെ ആദ്യ ഘട്ട ശമ്പളം അമേരിക്കയുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്ന രണ്ട് പുതിയ പദ്ധതികള്‍ക്കായി മാറ്റിവെച്ചിരുന്നു.

കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ ട്രംപ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ക്കും ജീവിത വിജയത്തിനുമായി മകള്‍ ഇവന്‍ക ട്രംപും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് .

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശമ്പളം എടുക്കില്ലെന്ന് പ്രചരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പ്രസിഡന്റ് ശമ്പളം വാങ്ങണമെന്നാണ് അമേരിക്കന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

Top