ഇന്ത്യയും, ചൈനയും അയല്‍വാസികളോ? ട്രംപിന്റെ ‘ലോകവിവരം’ കേട്ട് ഞെട്ടി മോദി!

ന്ത്യയും, ചൈനയും അതിര്‍ത്തി പങ്കിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറിവുണ്ടായിരുന്നില്ലെന്ന് രണ്ട് തവണ പുലിസ്റ്റര്‍ സമ്മാനം നേടിയ മാധ്യമപ്രവര്‍ത്തകരുടെ പുതിയ പുസ്തകം. തന്റെ ഈ ‘ലോകവിവരം’ ട്രംപ് സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവെച്ചതായും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകള്‍ കേട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നതായും പുസ്തകം പറയുന്നു.

‘ചൈന നിങ്ങളുടെ അതിര്‍ത്തിയില്‍ അല്ലല്ലോ’, എന്നാണ് ട്രംപ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞത്. ഈ വാക്കുകള്‍ കേട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് പുറത്തുവന്നെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകരായ ഫിലിപ്പ് റക്കര്‍, കരോള്‍ ലിയോണിംഗ് എന്നിവര്‍ ‘എ വെരി സ്‌റ്റേബിള്‍ ജീനിയസ്’എന്ന പുസ്തകത്തില്‍ പറയുന്നു. താന്‍ ബുദ്ധിമാനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസിഡന്റിന്റെ നിലപാടിനെ പരിഹസിക്കുന്നതാണ് ഈ പേര്.

അത്ഭുതവും, ഞെട്ടലും അടക്കിവെച്ച പ്രധാനമന്ത്രി മോദി ‘ഈ മനുഷ്യന്‍ കാര്യഗൗരവം ഇല്ലാത്ത വ്യക്തിയാണെന്നും, പങ്കാളിയായി കൂട്ടാന്‍ കഴിയില്ലെന്നും’ മനസ്സിലാക്കിയ നിലയിലാണ് മടങ്ങിയതെന്ന് യുഎസ് പ്രസിഡന്റിന്റെ സഹായികള്‍ കരുതുന്നു. ഈ യോഗത്തിന് ശേഷം വാഷിംഗ്ടണുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്നും ഇന്ത്യ ഒരു ചുവട് പിന്നോട്ട് പോയെന്നും ഈ സഹായി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് ട്രംപും, പ്രധാനമന്ത്രി മോദിയും പല കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ ഏത് യോഗത്തിലാണ് പ്രസ്തുത സംഭവമെന്ന് പുസ്തകം വ്യക്തമാക്കുന്നില്ല. നേരത്തെ നേപ്പാളും, ഭൂട്ടാനും ഇന്ത്യയിലാണെന്ന ‘വിവരവും’ ട്രംപ് പങ്കുവെച്ച് പരിഹാസ്യനായിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇന്ത്യാ സന്ദര്‍ശനം നടത്താനുള്ള നീക്കങ്ങള്‍ നടത്തവെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Top