ട്രംപ് ലക്ഷ്യമിട്ടത്‌ പ്രസിഡന്റ് സ്ഥാനമല്ല , പ്രശസ്തി ; യുഎസ് മാധ്യമപ്രവര്‍ത്തകന്‍

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കിയല്ല പകരം പ്രശസ്തിയായിരുന്നു ട്രംപ് ലക്ഷ്യമാക്കിയിരുന്നതെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വൂള്‍ഫ് എഴുതിയ ഫയര്‍ ആന്റ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെയുള്ള പരാമർശം.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ ട്രംപ് ലക്ഷ്യം വച്ചത് വിജയമല്ലായിരുന്നു. വിജയിച്ചാൽ ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്‍ കഴിയുമെന്ന് കാര്യം ട്രംപ് തന്റെ അനുയായിയായ സാം നണ്‍ബര്‍ഗിനോട് പറഞ്ഞിരുന്നുവെന്നും, ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായിരുന്ന റോജര്‍ ഏലിസ് നിങ്ങള്‍ക്കു പ്രശസ്തനാകണമെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് അറിയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

എച്ച്-1ബി വീസ വിഷയത്തിൽ സിലിക്കൺ വാലിയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ട്രംപിന് സഹാനുഭൂതി തോന്നിയിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മുഴുവൻ സമയവും അമേരിക്കക്കാരുടെ ജോലികള്‍ മറ്റു രാജ്യക്കാര്‍ തട്ടിയെടുക്കുകയാണെന്നാണു ട്രംപ് ആരോപിച്ചിരുന്നത്.

പക്ഷെ ട്രംപ് ഭരണകുടം എച്ച്-1ബി വീസയിൽ നടപ്പാക്കുന്ന മാറ്റങ്ങൾ പുസ്തകത്തിലെ നിലപാടിന് എതിരാണ്. അതിനാൽ തന്നെ ട്രംപ് നടപ്പാക്കുന്ന പുതിയ നിയമത്തിൽ ചെറിയൊരു സംശയം എതിർ പാർട്ടികൾക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.

എന്നാൽ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വൂള്‍ഫ് പറയുന്ന കാര്യങ്ങള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് തള്ളിക്കളഞ്ഞു. പുസ്തകത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ‘ഡൊണാള്‍ഡ് ട്രംപ് ഡിഡ് നോട്ട് വാണ്ട് ടു ബി പ്രസിഡന്റ്’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് മാഗസിന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

അതേസമയം മൈക്കിള്‍ വൂള്‍ഫുമായി ട്രംപ് അധികാരത്തില്‍ കയറിയശേഷം ഒരു തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളെന്നും അതാകെ ഏഴുമിനിറ്റേ നീണ്ടുനിന്നുള്ളെന്നും സാന്‍ഡേഴ്‌സ് അറിയിച്ചു. അടുത്തയാഴ്ചയോടെ വിപണിയിലിറങ്ങുന്ന പുസ്തകത്തെ ഫിക്ഷന്‍ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനായി വൈറ്റ് ഹൗസില്‍നിന്ന് ഒരു അനുവാദവും വൂള്‍ഫ് നേടിയിട്ടില്ലായെന്നും സാന്‍ഡേഴ്‌സ് അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള പല ദിവസങ്ങളിലും ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തിയാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്‍ഫിനെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് മാഗസിന്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top