അമേരിക്ക വീണ്ടും ലോക ‘പൊലീസായി’ ക്ഷണിച്ചു വരുത്തുന്നത് വലിയ തിരിച്ചടി

റാന്‍ ലക്ഷ്യമിട്ട് പടകപ്പലുകളും യുദ്ധവിമാനങ്ങളും അയച്ച് യുദ്ധ ഭീതി പരത്തുന്ന അമേരിക്ക വീണ്ടും ലോക പൊലീസ് ചമയുന്നു. ചൈനയുമായി വ്യാപാര യുദ്ധത്തിന് തുടക്കമിട്ടതും മൂന്നാം ലോകമഹായുദ്ധത്തിലക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്.

ലോകരാഷ്ട്രങ്ങള്‍ 2015ല്‍ ഒപ്പുവെച്ച ഇറാന്‍ ആണവ കരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്‍മാറിയിരുന്നു. ഒബാമ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ആണവകരാര്‍ ഏകപക്ഷീയമാണെന്നു പറഞ്ഞാണ് ട്രംപ് പിന്‍മാറിയത്.

കരാറിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഇറാനും പ്രതികരിച്ചിരുന്നു. ഇതോടെയാണ് അമേരിക്ക- ഇറാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഇറാന്റെ കൈവശമുള്ള ആണവായുധം അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഒപ്പം ഇറാന്‍ സേനയുടെ ഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്സിനെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രണ്ടിനും ഇറാന്‍ വഴങ്ങിയിട്ടില്ല.

ഇറാന്‍ സായുധ സേനയായ റെവല്യൂഷനറി ഗാര്‍ഡ്സിനെ കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഭീകര പട്ടികയില്‍പെടുത്തിയിരുന്നു. ഒരു രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനത്തെ ആദ്യമായാണ് അമേരിക്ക ഭീകരപട്ടികയില്‍പെടുത്തിയത്. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ യുദ്ധകപ്പലുകളെ തങ്ങളുടെ മിസൈലുകള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇതോടെ രണ്ടാമത്തെ പടക്കപ്പലായ യു.എസ്.എസ് ആര്‍ലിങ്ടണെ ഇറാന്‍ മേഖലയിലെ ചെങ്കടലിലേക്ക് അമേരിക്ക അയച്ചിട്ടുണ്ട്. നേരത്തെ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ നാവികസേനയുടെ സ്ട്രൈക്കിങ് ഗ്രൂപ്പുമായി ചെങ്കടലില്‍ ഇറാന്‍ ലക്ഷ്യമിട്ട് നങ്കൂരമിട്ടിരുന്നു. ഖത്തറിലെ അല്‍ഉദൈദിലുള്ള അമേരിക്ക ആര്‍മി കമാന്‍ഡിലേക്ക് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും മാരകശേഷിയുള്ള ബി. 52 ബോംബര്‍ വിമാനങ്ങളും എത്തിച്ചുകഴിഞ്ഞു.

ഇറാനെതിരായ സൈനിക നീക്കത്തില്‍ സൗദി അറേബ്യയും ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും അമേരിക്കക്കൊപ്പം നിലയുറപ്പിക്കും. യുദ്ധ ഭീതി പരന്നതോടെ ആറു മാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത് മുന്‍കരുതലെടുത്തിട്ടുണ്ട്. ഇറാഖ് യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന സൈനിക നീക്കങ്ങളാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്നത്. അതേസമയം, ഇറാനുമായി സൗഹൃദവും എണ്ണവ്യാപാരവും നടത്തുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇറാനെ കൈവിടാനും അമേരിക്കയെ പിണക്കാനുമാവാത്ത അവസ്ഥയിലാണ് ഇന്ത്യ.

പാക്കിസ്ഥാനെതിരായ നീക്കത്തില്‍ ഇന്ത്യക്കൊപ്പം ശക്തമായി നിലയുറപ്പിച്ച രാജ്യമാണ് ഇറാന്‍.അവിടെ നിന്നുള്ള പെട്രോളിയം ഉത്പ്പന്നങ്ങളുടെ വരവ് നിലച്ചാല്‍ അത് ഇന്ത്യയെ ഗുരുതരമായി ബാധിക്കും.

പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി പരത്തുന്ന അമേരിക്ക ചൈനക്കെതിരെ ഇതിനകം തന്നെ വ്യാപാര യുദ്ധവും ആരംഭിച്ചുകഴിഞ്ഞു. ചൈനയില്‍ നിന്നുള്ള മുഴുന്‍ ഇറക്കുമതിക്കും തീരുവ ഉയര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. അടുത്തയിടെയാണ് 20,000 കോടി ഡോളറിന്റെ ഇറക്കുമതിക്കുണ്ടായിരുന്ന തീരുവ 10 ശതമാനത്തില്‍ നിന്നും 20ശതമാനമായി അമേരിക്ക ഉയര്‍ത്തിയത്.

പുതിയ ഉത്തരവ് വരുന്നതോടെ തീരുവ ഇനിയും ഉയരാനാണ് സാധ്യത. അനേകം വര്‍ഷങ്ങളായി ചൈനയുമായുള്ള വ്യാപാരത്തില്‍ 50,000 കോടി ഡോളറാണ് അമേരിക്കക്ക് നഷ്ടമായതെന്നും ഇനി അതുണ്ടാവില്ലെന്നുമാണ് ട്രംപ് ഉയര്‍ത്തുന്ന വാദം. വാഷിങ്ഷണില്‍ 11 വട്ടം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അമേരിക്കയെ പിണക്കാതെ കരാറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ചൈനയുടെ പ്രതികരണം. ബെയ്ജിങില്‍ ചര്‍ച്ച തുടരുമെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ചൈനീസ് നീക്കം.

ഉത്തരകൊറിയക്കു നേരെയുള്ള അമേരിക്കന്‍ ഇടപെടലില്‍ മധ്യസ്ഥരായി നിന്നത് ചൈനയായിരുന്നു. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം ഉത്തരകൊറിയ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഉത്തരകൊറിയക്കെതിരെ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഉത്തരകൊറിയയുമായി അടുപ്പമുള്ള രാജ്യങ്ങളായ ചൈനയും റഷ്യയും ഒപ്പുവെച്ചിട്ടുമില്ല. പുതിയ സാഹചര്യത്തില്‍ കിം ജോങ് ഉന്നിന്റെ ഈ കമ്യൂണിസ്റ്റ് രാഷ്ട്രവും കടുത്ത നിലപാടിലേക്ക് കടക്കാനാണ് സാധ്യത. ഇതും അമേരിക്കയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

Express Kerala View

Top