തീവ്രവാദികള്‍ക്ക് താവളമൊരുക്കുക എന്നതാണ് പാകിസ്ഥാന്റെ നയം: ട്രംപ്

വാഷിംഗ്ടണ്‍: ഭീകരവാദികള്‍ക്ക് താവളമൊരുക്കുകയാണ് പാകിസ്ഥാന്റെ നയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പാകിസ്ഥാനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാകിസ്ഥാനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണ്. പാകിസ്ഥാനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണ് ട്രംപ് ആരോപിച്ചു.

അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കിയിട്ടുണ്ട്. ഇതവസാനിപ്പിക്കണം. തീവ്രാവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പാകിസ്ഥാന്‍ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്ഥാന് അത് നേട്ടമായിരിക്കും. മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള മോശം ബന്ധം മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും തന്റെ പ്രസംഗത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാന്‍ അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക അവര്‍ക്ക് പിന്തുണ നല്‍കും. കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ ചിലവിടുന്നത്. പുതിയൊരു അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അമേരിക്കന്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് തീവ്രവാദികള്‍ക്ക് അവസരം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ്‌സും അല്‍ഖ്വയ്ദയുമായിരിക്കും സൈനിക പിന്‍മാറ്റത്തിലൂടെ നേട്ടമുണ്ടാക്കുക. ഇറാഖില്‍ നമ്മള്‍ ഇത് കണ്ടതാണ്്. ആ തെറ്റ് ആവര്‍ത്തിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കയ്ക്ക് പുറത്തെ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വരണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ലോകത്തെ എല്ലാ കാര്യത്തിലും അമേരിക്ക ഇടപെടേണ്ടതില്ലെന്ന ട്രംപിന്റെ നിലപാടിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ സൈനികരെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യം എണ്ണം ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. നാലായിരം സൈനികരെ കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്നായിരുന്നു അഫ്ഗാനിലെ അമേരിക്കന്‍ സൈനികമേധാവി ട്രംപിനോട് അഭ്യര്‍ത്ഥിച്ചത്. ഒരു സമയത്ത് ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ 8000 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്.

Top