ഗൂഗിള്‍- ചൈനീസ് ബന്ധം അന്വേഷിക്കണം; ഡൊണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഗൂഗിളിന്റെ ചൈനീസ് ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ടെക് മേഖലയിലെ പ്രമുഖനായ പീറ്റര്‍ തിയല്‍ ഗൂഗിളിനെതിരേ രാജ്യദ്രോഹത്തിന് അന്വേഷണം വേണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ മറ്റാരെക്കാളും പരിജ്ഞാനമുള്ളയാളാണു പീറ്റര്‍ തിയലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തിയലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് ഗൂഗിള്‍.

ചൈനീസ് സൈന്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്നു ഗൂഗിള്‍ പ്രതികരിച്ചു. സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന ഡേറ്റാ സെന്‍സര്‍ ചെയ്യാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കത്തെത്തുടര്‍ന്ന് 2010ല്‍ ചൈനയില്‍നിന്ന് സെര്‍ച്ച് എന്‍ജിന്‍ പിന്‍വലിച്ചിരുന്നു. ചൈനയ്ക്കുവേണ്ടി പ്രത്യേക സെര്‍ച്ച് എന്‍ജിന്‍ തയാറാക്കാനുള്ള ഗവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് വിന്യസിക്കാന്‍ പദ്ധതിയില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.

തനിക്കും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരേ പക്ഷപാതപരമായ നിലപാടു കൈക്കൊള്ളുന്നതായി നേരത്തെ പലവട്ടം ട്രംപ് ഗൂഗിളിനെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പെന്റഗണിന്റെ കോണ്‍ട്രാക്ടിനു വേണ്ടിയുള്ള നീക്കത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ അടുത്തയിടെ ട്രംപ് ഗൂഗിളിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ള തിയല്‍ ട്രംപിനെ പിന്തുണയ്ക്കുന്നയാളാണ്.

Top