സിറിയയിലെ രാസായുധപ്രയോഗം കെട്ടുകഥയെന്ന് റഷ്യ, അസദ് മൃഗമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സിറിയയിലെ ഗൗട്ടയിലുണ്ടായ രാസായുധപ്രയോഗത്തെ അപലപിച്ച് അമേരിക്കയും ലോകരാജ്യങ്ങളും. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ മൃഗമെന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഗൗട്ടയില്‍ നിന്ന് ഒഴിഞ്ഞുപോകാമെന്ന് വിമതര്‍ സമ്മതിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യുഎന്‍ രക്ഷാസമിതി ഈ വിഷയം ഇന്ന് ചര്‍ച്ച ചെയ്യും.

വിമതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗട്ടയിലുണ്ടായിരുന്നവരെ തുരത്താനാണ് സരിന്‍ എന്ന വിഷവാതകം പ്രയോഗിച്ചതെന്നാണ് വിലയിരുത്തല്‍. രക്ഷപെട്ടവര്‍ അവശതകള്‍ക്കിടയിലും ഹമാ കടന്ന് ഇദ്‌ലിബിലേക്കുള്ള യാത്രയിലാണ്. ഒരു ലക്ഷത്തിലധികം പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തു.

നടപടിയെ ക്രൂരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബറാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ ബഷാര്‍ അല്‍ അസദ് എന്ന മൃഗം ഭൂമുഖത്തുണ്ടാവില്ലായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അസദിനെ പിന്തുണക്കുന്നതില്‍ റഷ്യയെയും പുടിനെയും അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചു.

അതേസമയം രാസായുധപ്രയോഗം കെട്ടുകഥയാണെന്നാണ് റഷ്യയുടെ നിലപാട്. അസദിനെ ലക്ഷ്യമിട്ടുള്ള നീക്കം യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യണമെന്നും റഷ്യ ആവശ്യപ്പെട്ടു.

Top