റയില്‍വെയുടെത് കുറ്റകരമായ അശ്രദ്ധ, മന്ത്രിമാരെയല്ല റയില്‍വെയുടെ മുഖമാണ് മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്

train

ന്യൂഡല്‍ഹി: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ റയില്‍വെയുടെത് കുറ്റകരമായ അശ്രദ്ധയാണെന്ന് കോണ്‍ഗ്രസ്.

മുംബൈയിലേതടക്കം ഇന്ത്യന്‍ റെയില്‍വേയിലെ തുടര്‍ച്ചയായ അപകടങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വിമര്‍ശനം. റയില്‍വെ മന്ത്രിമാരെയല്ല റയില്‍വെയുടെ മുഖമാണ് മാറ്റേണ്ടതെന്നും കോണ്‍ഗ്രസ് മോദിയെ ഉപദേശിച്ചു.

റയില്‍വെ മന്ത്രിമാരെ മാറ്റിയത് കൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വാക്താവും ലോക്സഭാ എംപിയുമായ സുഷ്മിതാ ദേവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വലിയ കൃത്യവിലോപമാണിത്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് മോദി നേരത്തെ സുരേഷ് പ്രഭുവിനെ റയില്‍വെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പിയൂഷ് ഗോയലിനെ നിയമിച്ചിരുന്നു.

ഉത്സവകാലം കണക്കിലെടുത്ത് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് ഇരട്ടിയാക്കി. എന്നാല്‍ ഇക്കാലയളവില്‍ യാത്രക്കാരുടെ സുരക്ഷക്കായി എന്ത് ചെയ്തെന്നും സുഷ്മിതാ ദേവ് ചോദിച്ചു.

മുംബൈയിലെ അപകടത്തില്‍ സര്‍ക്കാരിനെതിരെ നേരത്തെ സഖ്യ കക്ഷിയാ ശിവസേനയും രംഗത്തെത്തിയിരുന്നു. കനത്ത മഴയ്ക്കിടെ മുംബൈ നഗരത്തിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ കാല്‍പനടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top