പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്കിന്റെ മൊഴി

കളമശേരി: കളമശേരി യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്കിന്റെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. സ്‌ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിന്‍ ബോക്‌സില്‍ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നല്‍കി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.

ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്‌ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Top