കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ചുമത്തിത് യുഎപിഎ അടക്കം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാള്‍ സ്വയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇന്നലെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ആണ് ഉണ്ടായത്. യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാര്‍ട്ടിന്‍ മൊഴി നല്‍കി.

ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്‌ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കളമശ്ശേരി ബോംബ് സ്ഫോടന കേസില്‍ വിവാദ പരമാര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ കെപിസിസി പരാതി നല്‍കി. സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുണ്ടാക്കും വിധം പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. എംവി ഗോവിന്ദന് പുറമെ, മുന്‍ ഇടത് എംപി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഡിജിപിക്കാണ് പരാതി നല്‍കിയത്.

Top