കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍

കൊച്ചി കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ . ഡൊമിനിക് മാര്‍ട്ടിന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഡൊമിനിക് ആരോപിക്കുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും ഡൊമിനിക് പറയുന്നു. എന്നാല്‍ വിഡിയോ പ്രചരിച്ചതോടെ മാര്‍ട്ടിന്റെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി.

ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ കൃത്യം ചെയ്തതതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. 16 വര്‍ഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. അന്നൊന്നും ഞാന്‍ കാര്യങ്ങള്‍ ഗുരുതരമായി കണ്ടിരുന്നില്ല. ഒരു തമാശരൂപത്തില്‍ മാത്രമേ മുന്നോട്ട് പോയിട്ടുള്ളു.

കളമശ്ശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

 

Top