ഇനി വളര്‍ത്ത് മൃഗങ്ങളെ ഉപേക്ഷിക്കണ്ട; സഹായവുമായി യുവ സംരംഭക

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍പെട്ട് പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ താമസസ്ഥലത്ത് ഉപേക്ഷിച്ച് പോകുന്ന വളര്‍ത്തു മൃഗങ്ങളെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാന സര്‍വ്വീസൊരുക്കി യുവ സംരംഭക. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കാണ് പ്രൈവറ്റ് ജെറ്റ് വിമാന സര്‍വ്വീസുമായി മുംബൈ സ്വദേശി ദീപികാ സിംഗ് എത്തിയിരിക്കുന്നത്.

ലോക്ക്‌ഡൌണിലും കൊവിഡ് 19 വ്യാപനത്തിനും പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി. ഇവരില്‍ പലരും തിരികെയെത്തിയപ്പോള്‍ ഇവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പമെത്താനായില്ല. ഈ ചിന്തയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്വകാര്യ ജെറ്റ് വിമാനമൊരുക്കാനുള്ള നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ദീപിക സിംഗ് മുംബൈ മിററിനോട് പ്രതികരിച്ചു.

ഡല്‍ഹിയിലെ ഏതാനും ബന്ധുക്കള്‍ക്കായി സ്വകാര്യ വിമാനം ഒരുക്കിയപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് വിചിത്രമെന്ന് തോന്നുന്ന തീരുമാനത്തിലേക്ക് ഈ 25കാരിയെ എത്തിച്ചത്. ചില ബന്ധുക്കള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ തനിച്ചാക്കി പോരാന്‍ പറ്റില്ലായിരുന്നു, മറ്റ് ചിലര്‍ക്ക് വളര്‍ത്തു മൃഗങ്ങളോടൊപ്പം വരാനും വിസമമ്മതമായിരുന്നു. ഇതാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധ കൂടിയായ ദീപിക പറയുന്നു.

9.06 ലക്ഷം രൂപ ചെലവിലാണ് സര്‍വ്വീസ് ഒരുങ്ങുന്നത്. ഒരു സീറ്റിന് ചെലവാകുന്നത് 1.6 ലക്ഷം രൂപയാണ്. നാല് യാത്രക്കാര്‍ ഇതിനോടകം ദീപികയുടെ പ്രത്യേക വിമാനത്തിലെ ടിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു. രണ്ട് ഷിറ്റ്‌സു, ഒരു ഗോള്‍ഡന്‍ റിട്രീവര്‍, ഒരു ലേഡി ഫെസന്റുമാണ് ഇതിനോടകം ഈ സ്വകാര്യ വിമാനത്തിലെ സീറ്റ് നേടിയിട്ടുള്ളത്.

Top