ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമാണെന്ന്

ഖത്തര്‍: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങണമെങ്കില്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യം. ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴില്‍ നിയമത്തിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് മാത്രമാണെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെയാണ് വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍ സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ പുതിയ നിയമത്തിന്റെ പരിധിയിയില്‍ വരില്ലെന്ന് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ലേബര്‍ കോഡിന്റെ പരിധിയിലുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് പുതിയ ഇളവ് ബാധകമാകുന്നത്. വിദേശികളുടെ രാജ്യത്തേക്കുള്ള പോക്കുവരവ്, താമസം, രാജ്യം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2015 ലെ നിയമം 21 ല്‍ ഭേദഗതി വരുത്തിയാണ് ഖത്തര്‍ അമീര്‍ ഇന്നലെ ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 95 ശതമാനം തൊഴിലാളികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാന്‍ കഴിയുമെന്നാണ് പുതിയ പ്രഖ്യാപനം.

അതേസമയം നിര്‍ണായക പദവികളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരും. ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ കൂടരുതെന്നു നിര്‍ദേശമുണ്ട്. പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ നടപ്പില്‍ വരുത്തുന്ന പരിഷ്‌ക്കാരങ്ങള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

Top