മരുമകളെ കയ്യേറ്റം ചെയ്ത് റിട്ട: ഹൈക്കോടതി ജഡ്ജിയും കുടുംബവും; അറസ്റ്റ് രേഖപ്പെടുത്തി

ഹൈദരാബാദ് റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് നൂതി വസിസ്ഷ്ഠ, ഭര്‍തൃപിതാവും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന നൂതി രാമമോഹന റാവു, ഭര്‍തൃമാതാവ് നൂതി ദുര്‍ഗ്ഗ ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ മര്‍ദിച്ചത്. അഞ്ച് മാസം മുമ്പത്തെ സംഭവത്തിന് പോലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മയുടെ കുടുംബമാണ് ഏപ്രില്‍ ഇരുപതിന് പകര്‍ത്തിയ വീഡിയോ പുറത്തുവിട്ടത്.

സ്ത്രീധന പീഡനം നടക്കുന്നുവെന്നാരോപിച്ച് 30കാരിയായ സിന്ധു ശര്‍മ്മ ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. താന്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കൊപ്പം സിന്ധു പോലീസില്‍ ഏല്‍പിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്.

മുന്‍ ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് സിന്ധുവിനെ തല്ലുന്നതും വലിച്ചിഴക്കുന്നതും സിന്ധുവിന്റെ ചെറിയ കുട്ടികള്‍ വന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഭര്‍തൃ വീട്ടുകാര്‍ സിന്ധുവിനെ മര്‍ദ്ദിച്ചത്. പല തവണ പുറത്ത് കടന്ന് ഓടി രക്ഷപ്പെടാന്‍ സിന്ധു ശ്രമിച്ചെങ്കിലും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നാല് വയസ്സുള്ള മകള്‍ ഇതിനിടയില്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടാണ് കഴിഞ്ഞ ഏപ്രിലില്‍ ഇത്തരമൊരു പരാതി സിന്ധു പോലീസിന് നല്‍കുന്നത്. തന്റെ മക്കളെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഭര്‍തൃ വീട്ടിനു മുന്നില്‍ വന്ന് പ്രതിഷേധിച്ചിരുന്നു സിന്ധു. ഒടുവില്‍ ഹേബിയസ് ഹോര്‍പസ് ഫയല്‍ ചെയ്താണ് കുട്ടികളെ സിന്ധുവിന്റെ കസ്റ്റഡിയില്‍ ലഭിക്കുന്നത്.2012മുതല്‍ സ്ത്രീധനം ചോദിച്ച് സിന്ധുവിനെ മാനസികമായി പീഡിപ്പിക്കാരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ശാരീരിക അക്രമം തുടങ്ങിയതെന്ന് സിന്ദുവിന്റെ വീട്ടുകാര്‍ പറയുന്നു.

പരാതി ലഭിച്ച ഏപ്രിലില്‍ തന്നെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും വലിയ പുരോഗതി കേസിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണ് പോലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടത്.

അതേസമയം വീഡിയോ യഥാര്‍ഥമല്ലെന്നാണ് സിന്ധുവിന്റെ ഭര്‍ത്താവ് വസിഷ്ഠയുടെ ആരോപണം. ഏപ്രിലില്‍ തന്നെ തന്റെ പക്കല്‍ വീഡിയോ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതോടെയാണ് താന്‍ ഇത് പുറത്ത് വിട്ടതെന്നും സിന്ധു പറയുന്നു.

Top