ഹജ്ജ് രജിസ്‌ട്രേഷന്‍ ;കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭ്യമായില്ല

സൗദി: സൗദിയില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാരുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്ന പ്രക്രിയക്ക് തുടക്കമായി. ഭൂരിഭാഗം മലയാളികള്‍ക്കും കൂടിയ നിരക്കിലുള്ള അനുമതി മാത്രമാണ് ലഭിച്ചത്. പണം അടച്ച ശേഷം ബുക്കിംഗ് റദ്ദ് ചെയ്താല്‍ പിഴയൊടുക്കേണ്ടിവരുമെന്ന് ഹജ്ജ് മന്ത്രാലായം അറിയിച്ചു.

ഇന്നലെ രാവിലെ എട്ട് മണി മുതൽ‍ ഹജ്ജ് മന്ത്രാലയത്തിന്റെ ഇട്രാക്ക് സംവിധാനം സജ്ജമായിരുന്നു. ഇതു വഴി ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാനായി കാത്തിരുന്ന ഏറെ പേരും നിരാശരായി. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നിരക്ക് ഏറ്റവും കുറഞ്ഞ അല്‍ മുയസ്സര്‍ വിഭാഗത്തില്‍ ബുക്കിംഗ് പൂര്‍ത്തിയായി. ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കും അതു ലഭിച്ചില്ല.

6833 റിയാലിന് മുകളിലുള്ള ജനറല്‍ വിഭാഗത്തിലാണ് ഭൂരിഭാഗം ആളുകള്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി പണമടച്ച ശേഷം റദ്ദ് ചെയ്യുന്നവര്‍ പിഴയൊടുക്കേണ്ടിവരുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. വ്യവസ്ഥകള്‍ പൂര്‍ണ്ണമല്ലാത്ത കാരണത്താല്‍ ഹജ്ജ് മന്ത്രാലയം അനുമതി നിഷേധിച്ച ശേഷം ബുക്കിംഗ് റദ്ദ് ചെയ്യുന്നവരും പ്രത്യേക ഫീസ് അടക്കേണ്ടി വരും. ദുല്‍ഹജ്ജ് രണ്ടിന് ബുക്കിംങ് റദ്ദ് ചെയ്യുന്നവര്‍ അടച്ച തുകയുടെ 30 ശതമാനം പിഴയടക്കണം.

പുറമെ ദുല്‍ഹജ്ജ് ആറ് വരെ ഓരോ ദിവസത്തിനും പത്ത് ശതമാനം വീതം അധികമായും പിഴയൊടുക്കേണ്ടി വരും. ദുല്‍ഹജ്ജ് ഏഴിന് റദ്ദ് ചെയ്യുന്നവര്‍ക്ക് ഒന്നും തന്നെ തിരികെ ലഭിക്കില്ല. കൂടാതെ ഇക്കൂട്ടര്‍ സേവന ഫീസ് ഇനത്തിലും ബാങ്ക് ഫീസ് ഇനത്തിലുമായി 75 റിയാലോളം അധികം നല്‍കേണ്ടിവരുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Top