മേയ് 19 മുതല്‍ പ്രത്യേക ആഭ്യന്തര വിമാന സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി പ്രത്യേക ആഭ്യന്തര വിമാന സര്‍വ്വീസ് ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ. വന്ദേഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ പ്രത്യേക സര്‍വ്വീസുകള്‍.

മേയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വ്വീസിന്റെ ഷെഡ്യൂള്‍ തയാറായി. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പൂര്‍, ഗയ, വിജയവാഡ, ലക്‌നോ എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നടത്തുന്നത്.

മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ നടത്തും. മാത്രമല്ല കൊച്ചിയില്‍ നിന്നും സര്‍വ്വീസുകളുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Top