ഡോളര്‍ കടത്ത്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയില്‍ പരിഗണിച്ചില്ല. നോട്ടീസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയില്‍ ആണെന്നും അത്തരം വിഷയങ്ങള്‍ സഭയില്‍ പരിഗണിക്കാന്‍ അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ വിശദമാക്കി.

കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായകമാണ്. ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യുകയെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള അവസരമാണിതെന്നും സതീശന്‍ പറഞ്ഞു.

ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ഡോളര്‍ രാജ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Top