ഡോളര്‍ കടത്ത് കേസ്; ശിവശങ്കറെ 27ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ 27ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ ഹര്‍ജിയിലാണ് നടപടി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ഉത്തരവിട്ടത്. 15 കോടി രൂപയുടെ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് ആരോപിക്കുന്നു. ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു.

അതേസമയം, ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പ്രിന്‍സിപ്പല്‍ ജില്ല സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. ഇതോടൊപ്പം കേസില്‍ സ്വാഭാവിക ജാമ്യം തേടി ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണയിലുണ്ട്.

 

 

Top