ഡോളര്‍ കടത്ത് കേസ്; സരിത്തിന്റെ മൊഴി പുറത്ത്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച സരിത്തിന്റെ മൊഴി പുറത്ത്. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിന്റെ മൊഴിയിലുളളത്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം. സെക്രട്ടറേയറ്റില്‍ പോയി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി.
ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പാക്കറ്റ് കോണ്‍സുലേറ്റില്‍ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാന്‍ കൗതുകം തോന്നി. കോണ്‍സുലേറ്റില്‍ സ്‌കാനറില്‍ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളില്‍ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്റെ മൊഴി.

ഇക്കാര്യം അപ്പോള്‍ത്തന്നെ താന്‍ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

 

Top