ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിൽ ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന കണക്ക് കൂട്ടലിലാണ് കസ്റ്റംസ്. സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റേതെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.

സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിനടക്കം ഇതോടെ ജീവൻ വയ്ക്കും. ഡോളർ കടത്തു കേസിലെ മുഖ്യകണ്ണി ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാൻ ഈപ്പന്റെ കുറ്റസമ്മതത്തിലൂടെ കളമൊരുങ്ങിക്കഴിഞ്ഞു. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന കസ്റ്റംസ് കണ്ടെത്തലിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top