ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തിരിച്ചു കയറുന്നു

മുംബൈ: രൂപ മൂല്യതകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറുന്നു. രാവിലെ 70.99 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23 പൈസ മൂല്യമുയര്‍ന്ന് 70.77 എന്ന നിലയിലെത്തി. അതേസമയം, ഓഗസ്റ്റ് മാസത്തില്‍ 3.6 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2018 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ജിഡിപിയിലുണ്ടായ വര്‍ധ
നവാണ് രൂപയ്ക്ക് ഗുണകരമായതെന്നാണ് സാമ്പത്തിക വിദ്ഗദ്ധര്‍ വിലയിരുത്തുന്നത്.

ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായി ഉയര്‍ന്നിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോര്‍ട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകര്‍ച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകള്‍ പുറത്തുവന്നത്.

ഉല്‍പ്പാദന മേഖല, വൈദ്യുതി, നാച്വറല്‍ ഗ്യാസ്, ജലവിതരണം, നിര്‍മ്മാണ മേഖല എന്നിവയില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് രാജ്യത്തിന്റെ ഒന്നാം പാദ വളര്‍ച്ച എട്ടിന് മുകളിലേക്ക് എത്താന്‍ സഹായിച്ചത്. ഈ മേഖലകളില്‍ ദൃശ്യമായ വളര്‍ച്ചാ ഓഹരി വിപണിയിലും പ്രതിഫലിച്ചതായാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക സൂചന. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതും, വിദേശ നാണ്യ കരുതല്‍ ശേഖരം 40084.7 കോടി ഡോളര്‍ എന്ന സുരക്ഷിത നിലവാരത്തില്‍ തുടരുന്നതും ആശ്വാസം പകരുന്ന ഘടകങ്ങളാണ്.

Top