ചൈനീസ് സൈന്യത്തിനെതിരെ ചങ്കുറപ്പോടെ ‘മനുഷ്യച്ചങ്ങല’ തീര്‍ത്ത് ഇന്ത്യന്‍ സൈനികര്‍

കൊല്‍ക്കത്ത: ചൈനീസ് സൈന്യത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് അതിര്‍ത്തി സംരക്ഷിക്കുന്ന 350 ഓളം ഇന്ത്യന്‍ സൈനികര്‍ രാജ്യത്തിന്റെ ആദരവ് അര്‍ഹിക്കുന്നവരാണ്.

നാഥുല ചുരത്തില്‍നിന്നും 15 കിലോമീറ്റര്‍ അകലെ ദോക് ലാം മേഖലയിലെ കടുത്ത തണുപ്പിലും മറ്റ് പ്രയാസം നിറഞ്ഞ സാഹചര്യത്തിലും മനുഷ്യച്ചങ്ങല തീര്‍ത്താണ് സൈനികര്‍ അതിര്‍ത്തി കാക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4500 മീറ്റര്‍ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സൈനികരെ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റി വിന്യസിക്കുന്നതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ചെറിയ അകലത്തില്‍ രണ്ട് നിരകളിലായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് 30 ദിവസമായി.

അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുക കൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ഒരു വിധത്തിലുമുള്ള ചര്‍ച്ചയില്ല എന്ന നിലപാട് ചൈന കൈക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ദോക് ലാ ഭാഗത്തു നിന്ന് ഇന്ത്യന്‍ സേന പിന്‍വാങ്ങുകയില്ലെന്നു കേന്ദ്രമന്ത്രിമാരോടു വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

എന്നാല്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ഇന്ത്യയും ചൈനയും നയതന്ത്രമാര്‍ഗങ്ങളിലൂടെ ചര്‍ച്ച തുടരണമെന്നതിനാണു പ്രാധാന്യമെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു.

Top