ചെയ്തത് ഓപ്പണ്‍ വോട്ടുകളാണ്, അന്വേഷണത്തെ ഭയമില്ലന്ന് എം.വി.ജയരാജന്‍

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിൽ പ്രതികരണവുമായി സിപിഎം. സിപിഎമ്മും ഇടതുപക്ഷവും കള്ളവോട്ട് ചെയ്യുന്നവരല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.

കള്ളവോട്ട് ചെയ്‌തെന്ന് പ്രസീഡിങ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെയ്തത് ഓപ്പണ്‍ വോട്ടുകളാണ്. കള്ളവോട്ട് ചെയ്തെന്ന ആരോപണം എന്നും ഉയർന്നിരിക്കുന്നത് കെ സുധാകരനെതിരായാണ്. സുധാകരൻ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ പോലെ ബഹളം വയ്ക്കുകയാണ്. അന്വേഷണത്തെ ഭയമില്ലന്നും തോല്‍ക്കുമെന്ന് ഉറപ്പായതിനാല്‍ കോണ്‍ഗ്രസ് പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യാജമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് കാസ്റ്റിംഗില്‍ നിന്ന് ദൃശ്യങ്ങള്‍ മുറിച്ചെടുത്ത് ഓപ്പണ്‍ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ച് വളച്ചൊടിക്കുകയാണ് കോണ്‍ഗ്രസെന്നും എം വി ജയരാജന്‍ ആരോപിച്ചു. പക്ഷേ മുറിച്ച് ഉപയോഗിച്ചു. സുമയ്യ സ്വന്തം വോട്ടും ഓപ്പണ്‍ വോട്ടും ചെയ്തെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പയ്യന്നൂര്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നത്. പരാതി തെൡാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിരുന്നു.

Top